മാങ്ങാ ഇഞ്ചി ഇംഗ്ലീഷില്‍ 'മാംഗോ ജിഞ്ചര്‍' എന്നറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം 'കുര്‍കുമാ അമഡ' എന്നാണ്. 'സിഞ്ചിബെറേസി' എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. രണ്ടടി പൊക്കത്തില്‍ വരെ വളരുന്നു. കിഴങ്ങുകള്‍ക്ക് നേരിയ മഞ്ഞ നിറമാണ്. കിളിര്‍ത്തു കഴിഞ്ഞാല്‍ ആറുമാസം കൊണ്ട് വിളവെടുപ്പിനു പാകമാകും.
നീര്‍വാഴ്ചയുള്ള നല്ല വളക്കൂറുള്ള മണ്ണില്‍ മാങ്ങാ ഇഞ്ചി നല്ലവണ്ണം വളരും. സൂര്യപ്രകാശം ആവശ്യമാണ്. ഭാഗികമായി തണലുള്ള പ്രദേശങ്ങളിലും വളരും. തെങ്ങ് തോപ്പു പോലുള്ള പ്രദേശങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാം. രോഗവിമുക്തമായ തടയോ (കിഴങ്ങ്) ചെറിയ വിത്തുകളോ നടാനായി എടുക്കാം. മഴക്കാലത്തിനു മുന്‍പായി നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ആഴത്തില്‍ കിളച്ചു വൃത്തിയാക്കുക. ഒരു മീറ്റര്‍ വീതിയിലും 25 സെന്റീ മീറ്റര്‍ പൊക്കത്തിലും, സ്ഥലസൗകര്യമനുസരിച്ച് നീളത്തിലും തടം കോരുക.
ഒരു സെന്റിന് ഏകദേശം 15 കിലോ ജൈവവളം (ചാണകപ്പൊടി, കോഴികാഷ്ഠം, ആട്ടിന്‍ കാഷ്ഠം, കമ്പോസ്റ്റ്) ഇട്ടു ഇളക്കുക. രാസവള കൃഷിയാണെങ്കില്‍ ജൈവവളത്തിനോടൊപ്പം 650 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും, 200 ഗ്രാം പൊട്ടാഷും കൂടെ ചേര്‍ക്കണം. നട്ടു കഴിഞ്ഞ് മുപ്പതു ദിവസം ആകുമ്പോള്‍ 40 ഗ്രാം യൂറിയ കൊടുക്കണം. അറുപതു ദിവസം ആകുമ്പോള്‍ 20 ഗ്രാം യൂറിയായും, 200 ഗ്രാം പൊട്ടാഷും കൂടെ നല്‍കണം. നടുമ്പോള്‍ തന്നെ പുതയിട്ടു കൊടുക്കണം. ആദ്യം ഇട്ട പുത ഉണങ്ങിയാല്‍ വളം ഇട്ടതിനുശേഷംഅടുത്തപുതയുംഇട്ടുകൊടുക്കണം.മൂന്നാംവട്ടംവളപ്രയോഗത്തിനു ശേഷവും പുതയിടണം. ഓരോ പ്രാവശ്യവും വളവീടിലിനു ശേഷം ആവശ്യത്തിനു മണ്ണ് കോരി കൊടുക്കണം.
മാങ്ങാ ഇഞ്ചിയില്‍ കാര്യമായ കീടബാധ ആക്രമണമുണ്ടാകാറില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ തണ്ടു തുരപ്പന്‍ പുഴുവിന്റെ ആക്രമണം കാണാറുണ്ട്. നട്ടു നാമ്പ് വാടുന്നതാണ് ഇതിന്റെ ആക്രമണ ലക്ഷണം. പുഴുവിന്റെ ആക്രമണം വന്ന ചെടി ചുവടെ പിഴുത് കത്തിച്ചു കളയണം. ആക്രമണം കൂടുതലായി കാണുകയാണെങ്കില്‍ ക്വിനാല്‍ഫോസ് അല്ലെങ്കില്‍ റോഗര്‍ എന്ന കീടനാശിനി ഒരു മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയാകും. ജൈവ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ ഏതെങ്കിലും നല്ല ജൈവ കീടനാശിനി തളിച്ചാല്‍ മതിയാകും.
ഏകദേശം ആറുമാസമാകുമ്പോഴേക്കും വിളവെടുപ്പിനു പാകമാകും. ഇഞ്ചിയുടേതു പോലെ തണ്ട് ഉണങ്ങും. ഒരു നല്ല തൂമ്പാ ഉപയോഗിച്ചു കിഴങ്ങുകള്‍ പൊട്ടി പോകാതെ ആഴത്തില്‍ കിളച്ചെടുക്കാം. ഒരു സെന്റില്‍ നിന്ന് നാല്പത് കിലോ വരെ വിളവ് പ്രതീക്ഷിക്കാം.
മിഠായി, സോസ്, സാലഡ്, അച്ചാര്‍ എന്നിവ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പലവിധ ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിനുള്ള ഒരു പ്രധാനപ്പെട്ട ഘടകമാണ് മാങ്ങാ ഇഞ്ചി.
കേരളത്തില്‍ മാങ്ങാ ഇഞ്ചി പ്രധാനമായും ഇഞ്ചി അച്ചാറിനും, മാങ്ങാ ഇഞ്ചിക്കറിയ്ക്കുമാണ് ഉപയോഗിക്കുന്നത്. എല്ലാ വീടുകളിലും വെറുതേ കിടക്കുന്ന സ്ഥലങ്ങളിലോ, ഗ്രോബാഗിലോ, ചാക്കിലോ മാങ്ങാ ഇഞ്ചി യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താം.