ഇപ്രാവശ്യം നമുക്ക് സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെപ്പറ്റി ചര്‍ച്ച ചെയ്യാം. നമ്മുടെ ഏലത്തെപ്പറ്റി തന്നെ. നമ്മളെല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സുഗന്ധവിളയാണ് ഏലം. നമുക്ക് സുപരിചിതമായ ഇഞ്ചിയുടെ അതേ കുടുംബത്തില്‍പ്പെട്ട ഒരു സസ്യമാണ് ഏലം. ഇംഗ്ലീഷില്‍ ഇതിനെ കാര്‍ഡമം (Cardamom) എന്നു വിളിക്കുന്നു. സിഞ്ച്ബറേസി സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഏലം കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏലം കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളാണ് കേരളവും, ആസ്സാമും. ഏലം പ്രധാനമായും ഒരു സുഗന്ധ വസ്തുവായാണ് ഉപയോഗിക്കുന്നത്. തണലും, ഈര്‍പ്പമുള്ളതുംതണുത്ത കാലാവസ്ഥയിലുള്ള പ്രദേശങ്ങളിലുമാണ് ഇത് കൂടുതലായി വളരുന്നത്. ഏല ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവും ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന രാജ്യമാണ് ഗ്വാട്ടിമാല, രണ്ടാം സ്ഥാനമാണ് നമ്മുടെ ഇന്ത്യക്ക്, ഇന്ത്യയിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഏലം ഉത്പാദിപ്പിക്കുന്നത് നമ്മുടെ കേരളത്തിലും. ഇന്ത്യയുടെ ഉല്പാദനത്തിന്റെ 58.82% ഏലമാണ് കേരളത്തിന്റെ ഉത്പാദനം.
മറ്റ് ഭാഷയിലെ പേരുകള്‍
സംസ്കൃതം - ഏലാം, പുടാ, ദ്രാവിഡി, സൂഷ്‌മ, ഉപകുഞ്ചിക, കായാസ്ഥാനാ
തെലുഗു - ഏലക്കായ
തമിഴ് - എലക്കായ്
ബംഗാളി - ഛോട്ട എലാച
ഹിന്ദി - ഛോട്ടി ഇലാചി
അറബിക്- ഹൈൽ
കൃത്യമായ പരിചരണത്തിലൂടെ മാത്രമേ ഏലത്തില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സാധിക്കും. സുഗന്ധ വ്യഞ്ജനം എന്നതിനപ്പുറം. നല്ലൊരു ഔഷധം കൂടിയാണ് ഏലം. എല്ലാ ദിവസവും തോട്ടത്തിലെത്തി പരിചരണം നടത്തണം എന്നത് ഏലകൃഷിയില്‍ നിര്‍ബന്ധമുള്ള കാര്യമാണ്. കൃത്യമായ പരിചരണം ഉണ്ടെങ്കില്‍ മാത്രമേ ഏലത്തില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സാധിക്കും.
പ്രധാനമായും മലബാര്‍, മൈസൂര്‍, വഴക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ട് മുതലേ കേരളത്തില്‍ കൃഷി ചെയ്യുന്നത്. ഇതില്‍ മലബാര്‍ ഇനം സമുദ്ര നിരപ്പില്‍ നിന്നും 600 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യുന്നവയാണ്. മറ്റ് രണ്ടെണ്ണവും 900 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നു. നിര്‍ദ്ധാരണം, സങ്കരണം എന്നീ കായിക പ്രചനന വഴികളിലൂടെ രൂപപ്പെടുത്തി എടുത്തിട്ടുള്ള സങ്കര ഇനങ്ങളാണ് ICRI 1, 2, PV 1, 2, M.C.C. 12, M.C.C. 16, M.C.C. 40, ഞള്ളാനി ഗോള്‍ഡ് തുടങ്ങിയവ.
സാധാരണയായി കേരളത്തിന്റെ മലയോര മേഖലകളിലാണ് ഏലം കൃഷി ചെയ്യുന്നത്. കേരളത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗവുമാണ് ഏലം കൃഷി. ഏകദേശം മേയ്- ജൂണ്‍ മാസത്തോടു കൂടിയാണ് ഏലത്തിനുള്ള പണികള്‍ ആരംഭിക്കുന്നത്. സാധാരണയായി ആദ്യം ആരോഗ്യമുള്ള ചെടികള്‍ക്ക് കള കവാത്ത് നടത്തുക എന്നതാണ്. ചെടിക്ക് ചുറ്റുമുള്ള തടം വൃത്തിയാക്കികളകളെല്ലാംനീക്കംചെയ്തുമാറ്റിയെടുക്കുകഎന്നതാണ്ഇതില്‍പ്രധാനമായുംചെയ്യുന്നത്.
ഇതോടൊപ്പംആരോഗ്യമുള്ളതൈകള്‍ചെടിയുടെകൂട്ടത്തില്‍നിന്ന്വേര്‍തിരിച്ചെടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള് ചെടികള്‍ ചരിഞ്ഞ പ്രദേശത്ത് തട്ടുകള്‍ തീര്‍ത്ത് അവിടെ ചതുരാകൃതിയിലുള്ള കുഴികളെടുത്ത് നല്ല വളക്കൂറുള്ള മണ്ണും, കമ്പോസ്റ്റും, മണലും ചേര്‍ത്ത് പാതി നിറച്ച് തൈകള്‍ നടുന്നു.
കള കവാത്ത് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും അടിവളമായി നല്‍കി കരിയില കൊണ്ട് പുതയിടാം. ശേഷം മണ്ണിട്ട് കൊടുക്കുന്നു. അതാതു രീതിയിലുള്ള ജൈവവളങ്ങളും ഉപയോഗിക്കാം.
ചില സ്ഥലങ്ങളില്‍ ഏലത്തിന്റെ വിത്തുകള്‍ പാകി മുളപ്പിച്ചും പുതിയ ചെടികള്‍ ഉത്പാദിപ്പിക്കാറുണ്ട്. ആരോഗ്യമുള്ള ചെടികളില്‍ നിന്നും ശേഖരിക്കുന്ന കായ്കള്‍ മൃദുവായി അമര്‍ത്തി വിത്ത് പുറത്തെടുക്കാം.
സെപ്റ്റംബര്‍ മാസമാണ് വിത്ത് പാകാന്‍ പറ്റിയ സമയം. അധികം താഴ്ചയില്ലാതെ വിത്തുകള്‍ നുരയിടുകയോ വിതറുകയോ ചെയ്യാറുണ്ട്. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് 10 g ഏലവിത്ത് മതിയാകും. അതിനു മുകളില്‍ നേരിയ ഘനത്തില്‍ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതില്‍ നനക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിര്‍ത്തു തുടങ്ങും. വിത്തുകള്‍ കിളിര്‍ക്കുന്നതോടെ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചെറുതൈകളെ പന്തലിട്ട് ചൂടില്‍ നിന്നും സംരക്ഷിക്കേണ്ടതും നിര്‍ബന്ധമാണ്.
കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യാവശ്യമാണ്. നമ്മള്‍ക്ക് നല്ല രീതിയില്‍ വേനല്‍കാലത്ത് ഏലത്തിന് നനക്കാന്‍ കഴിഞ്ഞാല്‍ ഏലത്തില്‍ നിന്നും 50% വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേനല്‍കാലം ഇളം ചിനപ്പുകളുടെയും, ശിഖരങ്ങളുടെയും വികാസം നടക്കുന്ന സമയം കൂടിയാണ്. അതിനാല്‍ തന്നെ ജലസേചനം അത്യാവശ്യ ഘടകവുമാണ്.
സാധാരണ ഏലത്തിന് ജൈവവളം നല്‍കുന്നതാണ് നല്ലത്. വേപ്പിന് പിണ്ണാക്ക്, കോഴി കാഷ്ഠം, ചാണകം എന്നിവ നല്‍കാറുണ്ട്. ഇവ സാധാരണ മെയ് - ജൂണ്‍ മാസങ്ങളില്‍ ഒറ്റത്തവണയാണ് നല്‍കാറ്.
പ്രധാനമായും കേരളത്തില്‍ ഏലം വിളവെടുപ്പ് നടക്കുന്നത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയും, സെപ്റ്റംബര്‍ മുതല്‍ നവംബര്‍ മാസത്തിലുമാണ്. കരിങ്കായം, വരകരിശ് എന്നിങ്ങനെ മൂപ്പനുസരിച്ച് തിരിച്ചിട്ടുള്ള രണ്ട് തരത്തിലുള്ള കായ്കളാണ് സാധാരണ വിളവ് എടുക്കുന്നത്. വിളവെടുത്ത കായ്കള്‍ വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കു പുരകളില്‍ ഉണക്കിയോ ആണ് ഉപയോഗിക്കുന്നത്.
സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം. പനി, വാതം, പിത്തം, കഫം, തുടങ്ങിയ രോഗങ്ങള്‍ക്ക് ഏലം ഫലപ്രദമാണ്. ഛര്‍ദ്ദി, നെഞ്ചുവേദന എന്നിവക്കും ഏലം നല്ലൊരു മരുന്നാണെന്ന് പറയപ്പെടുന്നു.
ഏലത്തെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഏലപേന്‍, കായ്തുരപ്പന്‍, വെള്ളീച്ച, കമ്പിളിപുഴുക്കള്‍ എന്നിവ. ഇവ പ്രധാനമായും കായ്കള്‍, ഇല, തണ്ട് എന്നിവയെയാണ് ആക്രമിക്കുന്നത്.
ഏലത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളില്‍ ഒന്നാണ് മൊസൈക്ക് രോഗം. ഇതൊരു വൈറസ് രോഗമാണ്. മാത്രമല്ല, ബനാന ഏഫിഡ് എന്ന പ്രാണിയും രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സാധാരണയായി ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലത്താണ് ഈ പ്രാണികളെ കാണുന്നത്. രോഗബാധയേറ്റ ചെടികള്‍ പിഴുതെടുത്ത് കത്തിച്ച് കളയുക മാത്രമാണ് ഇത് മാറ്റിയെടുക്കാനുള്ള പോംവഴി. പ്രധാനമായ മറ്റൊരു രോഗമാണ് കുമിള്‍ മൂലമുള്ള അഴുകല്‍ രോഗം. ഇതിനുള്ള പ്രതിവിധി കാലവര്‍ഷാരംഭത്തോടെ രോഗബാധയേറ്റ ഭാഗങ്ങള്‍ നശിപ്പിക്കുക കൂടാതെ മഴക്കാലത്തിന് മുമ്പേ ബോഡോ മിശ്രിതം ചെടികളില്‍ തളിച്ചു കൊടുക്കുക കൂടി ചെയ്യുക. ഇലകുത്ത്, ഇലചീയല്‍, കടചീയല്‍ എന്നിവയാണ് ഏലത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍.