ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌കറിവേപ്പില. കേരളത്തിനാവശ്യമായ കറിവേപ്പില കൂടുതലും കീടനാശിനിയുപയോഗിച്ച് തമിഴ്‌നാട്ടില്‍ കൃഷി ചെയ്‌ത് കൊണ്ടു വരുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താമെന്ന് കണ്ടെത്തിയിട്ടും മലയാളികള്‍ അതിനു ശ്രമിക്കാത്തത് വളരെ ദു:ഖകരമാണ്.
കറിവേപ്പ് സാധാരണയായി രണ്ടു ഇനങ്ങളിലാണ് കാണപ്പെടുന്നത്. ചെറിയ ഇലകള്‍ ഉള്ളതും വലിയ ഇലകള്‍ ഉള്ളതും. ചെറിയ ഇലകള്‍ ഉള്ളതിനാണ് മണവും, ഗുണവം, രുചിയും കൂടുതലുള്ളത്. കറിവേപ്പ് രണ്ടു രീതിയില്‍ കൃഷി ചെയ്യാം. കുരുമുളപ്പിച്ച് തൈകള്‍ ഉണ്ടാക്കുന്നതാണ് പ്രധാന രീതി. വേരുകളില്‍ നിന്ന് പൊട്ടി കിളിര്‍ക്കുന്ന തൈ നടുന്ന രീതിയും ഉണ്ട്. കുരു പാകി കിളിര്‍പ്പിക്കുന്നതാണ് ആരോഗ്യമുള്ള ചെടികളായി വളര്‍ന്ന് കാണപ്പെടുന്നത്.
മഴ ആരംഭിക്കുന്ന മെയ്‌മാസം മുതല്‍ ഒക്ടോബര്‍ മാസം വരെയാണ് കറിവേപ്പ് കൃഷിയ്‌ക്കു ഏറ്റവും യോജിച്ച കാലാവസ്ഥ. ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ ജൈവ വളവും, മണ്ണും, ചകിരിച്ചോറും നിറയ്‌ക്കുക. ഈ മിശ്രിതത്തിന്റെ കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്കും കൂടെ ചേര്‍ക്കുന്നത് നല്ലതാണ്. ഇതുകൊണ്ട് ജൈവ കീടനാശിനിയുടെ ഗുണവും ജൈവ വളത്തിന്റെ ഗുണവും ലഭിയ്‌ക്കും. രോഗമില്ലാത്ത മാതൃവൃക്ഷത്തിന്റെ വിത്തുവേണം ശേഖരിക്കുവാന്‍. പ്ലാസ്റ്റിക് കൂടുകളില്‍ കിളിര്‍ത്ത തൈകള്‍ രണ്ടു മൂന്ന് മാസത്തിനകം കൃഷി സ്ഥലങ്ങളിലേക്ക് നടാന്‍ പാകമാകും.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ മൂന്ന് മീറ്റര്‍ x മൂന്ന് മീറ്റര്‍ അകലത്തില്‍ കുഴിയെടുക്കണം. ഒരു മീറ്റര്‍ താഴ്‌ചയെങ്കിലും കുഴിയ്‌ക്കുണ്ടായിരിക്കണം. ഇതില്‍ ഏതെങ്കിലും ഒരു ജൈവവളവും വേപ്പിന്‍ പിണ്ണാക്കും, അല്‌പം എല്ലു പൊടിയും, കുമ്മായവും കൂടി ചേര്‍ത്ത് ഇളക്കി കുഴിമൂടണം. ഇതില്‍ വേണം തൈ പറിച്ചു നടാന്‍.
ഗ്രോബാഗ് കൃഷി
ഇന്ന് നഗര പ്രദേശങ്ങളില്‍ ഏറെ പേരും വസിക്കുന്നത് ഫ്‌ളാറ്റുകളിലാണ്. അവര്‍ക്കും വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ് കറിവേപ്പ്. വലിയ ഗ്രോബാഗോ, മുകള്‍ ഭാഗം വെട്ടിമാറ്റിയ പഴയ പ്ലാസ്റ്റിക് വീപ്പകളോ, ഉപയോഗംകഴിഞ്ഞപെയിന്റ്‌ബക്കറ്റോഇതിനുവേണ്ടിഉപയോഗിക്കാം. ഇതില്‍ മണ്ണ്, ജൈവവളം, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ് 5 : 2 : 0.5: 1 എന്ന അനുപാതത്തില്‍ നിറച്ച് അതില്‍ തൈ നടാം. ഇത് ഫ്‌ളാറ്റുകളിലെ ബാല്‍ക്കണിയില്‍വളര്‍ത്താം. ഈ രീതിയില്‍ നടുന്ന രണ്ടു ചെടികള്‍ ഉള്ള ഒരാള്‍ക്ക് വില കൊടുത്ത് രാസകീടനാശിനി തളിച്ച കറിവേപ്പില വാങ്ങേണ്ടി വരുകയില്ല. മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ജൈവവളം ഏതെങ്കിലും കലക്കി ഒഴിക്കണം. ആവശ്യത്തിനു വെള്ളം നല്‍കുകയും വേണം.
കറികള്‍ക്ക് രുചിയും, സുഗന്ധവും, ഗുണവും ലഭിയ്‌ക്കാനാണ് കറിവേപ്പില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ആയുര്‍വേദവിധി പ്രകാരം കറിവേപ്പില ഔഷധമായി പരിഗണിക്കപ്പെടുന്നു. നമ്മുടെ ആഹാരത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് ദഹന പ്രക്രിയ എളുപ്പമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷാംശം ഒരു പിരിധി വരെ നീക്കം ചെയ്യുവാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ട്. ഭക്ഷണത്തില്‍ കറിവേപ്പില അരച്ചു ചേര്‍ത്ത് കഴിയ്‌ക്കുന്നത് പോഷക മൂല്യം കൂടുതല്‍ ലഭിയ്ക്കാന്‍ സഹായകമാവും. കറിവേപ്പില ഭക്ഷണങ്ങളില്‍ നിന്നും പെറുക്കി മാറ്റി വച്ചാണ് സാധാരണക്കാര്‍ കഴിയ്‌ക്കാറ്. എന്നാൽ ഇത് ശരിയായ രീതീയല്ല. കണ്ണിന്റെ ആരോഗ്യത്തിനായി കറിവേപ്പില ചട്‌നി കഴിക്കുവാന്‍ നാട്ടു വൈദ്യത്തില്‍ പറയുന്നുണ്ട്. കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി എന്നിവ മോരില്‍ അരച്ചു ചേര്‍ത്ത് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. തളിരില അരച്ചു തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറുകടി, രക്താതിസാരം എന്നീ രോഗങ്ങള്‍ക്ക് വളരെ ആശ്വാസം കിട്ടും. കരളിന്റെ പ്രവര്‍ത്തനം ക്രമമാകുന്നതിനും കറിവേപ്പില കഷായം അഞ്ചു മില്ലി വീതം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. കറിവേപ്പിന്റെ തളിരില മഞ്ഞള്‍ ചേര്‍ത്ത് ഉദ്ദേശം ഒരു നെല്ലിക്കാ വലുപ്പത്തില്‍ ദിവസവും രാവിലെ കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ദ്ധിക്കും. കറിവേപ്പില സത്ത് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വിറ്റാമിന്‍ എ-യുടെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഉണ്ടാകില്ല. പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ഇട്ടു വയ്‌ക്കുന്ന പാത്രത്തില്‍ അല്‌പം ഉണങ്ങിയ കറിവേപ്പില ഇട്ടു വച്ചാല്‍ പ്രാണികളുടെയും പുഴുക്കളുടേയും ആക്രമണം ഉണ്ടാകില്ല.
ഒരു കറിവേപ്പ് ചെടി പോലും വളര്‍ത്താന്‍ അസൗകര്യമുള്ളവര്‍ക്ക് ബന്ധുമിത്രാദികളുടെ ഭവനങ്ങളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ നിന്നും കറിവേപ്പില കൊണ്ടു വന്നാല്‍ സൂക്ഷിച്ചു വയ്‌ക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.
1. കറിവേപ്പില തണ്ടോടുകൂടി നനച്ച് വാഴയിലയില്‍ പൊതിഞ്ഞ് ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ നാള്‍ കേട് കൂടാതെയിരിക്കും. 2. തണ്ടോടു കൂടി പ്ലാസ്റ്റിക് ലോക്ക് കവറില്‍ ലോക്ക് ചെയ്‌ത് ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം. 3. ചെറു ശിഖരങ്ങളോടു കൂടിയ ഇലകള്‍ ചെറുതായി നനച്ചു സൂക്ഷിക്കാം. 4. കുപ്പി വെള്ളത്തില്‍ തണ്ടോടു കൂടി താഴ്‌ത്തി വയ്‌ക്കുക.
വീടിന്റെ പരിസരം എത്ര കുറവാണെങ്കിലും ഒരു കറിവേപ്പെങ്കിലും നട്ടുവളര്‍ത്താവുന്നതേയുള്ളൂ. ഇലകള്‍ ചെടിയില്‍ നിന്നും പറിച്ചെടുത്ത് അതേ രൂപത്തില്‍ കറികളില്‍ ചേര്‍ത്താല്‍ കിട്ടുന്ന ഹൃദ്യമായ രുചിയും മണവും മലയാളികള്‍ക്ക് ചിരപരിചിതമാണ്. പണ്ടൊക്കെ ഓരോ വീടും കറിവേപ്പിലയില്‍ സ്വയം പര്യാപ്‌തമായിരുന്നു. ഇന്ന് മറ്റെല്ലാത്തിനേയും പോലെ വിപണിയില്‍ നിന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷം ചേര്‍ന്ന കറിവേപ്പില വാങ്ങാന്‍ നിര്‍ബ്ബന്ധിതരാകുന്നു. തൈകിളിര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് എല്ലാ ജില്ലകളിലും ഉള്ള കൃഷിവികാസ് കേന്ദ്ര ( കെ.വി.കെ.) യില്‍ നിന്നോ സര്‍ക്കാര്‍ നേഴ്‌സറികളില്‍നിന്നോവില കുറഞ്ഞതും ഗുണമേന്മ ഉള്ളതുമായ തൈകള്‍ ലഭിയ്ക്കും.
കറിവേപ്പില്‍ സാധാരണ കണ്ടു വരാറുള്ളത് നീര് ഊറ്റി കുടിക്കുന്ന ഹോപ്പറകളും ഇല തിന്നുന്ന പുഴുക്കളുമാണ്. നീരൂറ്റി കുടിച്ചു കഴിയുമ്പോള്‍ ഇല ചുരുണ്ട് ചുരുങ്ങി പോകുന്നു. പുഴു ഇല കരണ്ടി കഴിയുമ്പോഴും ഇല ഉപയോഗ ശൂന്യമായി പോകുന്നു. ഇതിനു പ്രതിവിധിയായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമോ ഏതെങ്കിലും ജൈവ കീടനാശിനിയോ ഉപയോഗിച്ചാല്‍ മതി.