മൃദുവായ ചതുരതണ്ടോടു കൂടിയ ഒരു വളളിച്ചെടിയാണ്. ഇതിന്റെ തണ്ട് ധാരാളം മുട്ടുകളുളള നീണ്ട ചങ്ങലയായി കാണപ്പെടുന്നു. രണ്ടു മുട്ടുകള്‍ തമ്മിലുളള അകലം എട്ട് സെന്റീമീറ്റര്‍ മുതല്‍ പത്ത് സെന്റീമീറ്റര്‍ വരെയാണ്. ഇതിന്റെ തണ്ടുകളില്‍ ധാരാളം ജലം ശേഖരിച്ചു വയ്‌ക്കുന്നു. ഒരു മുട്ടില്‍ ഒരു ഇലയേ കാണാറുളളു. നല്ല നീര്‍വാഴ്‌ചയുളളതും സൂര്യ പ്രകാശം നേരിട്ടു ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ നന്നായി വളരും. "വൈറ്റേസിയേ" എന്ന കുടുംബത്തില്‍പ്പെടുന്നു. ചങ്ങലംപരണ്ടയുടെ ശാസ്‌ത്രനാമം "സിസസ് ക്വാഡ്രാന്‍ഗുലാരിസ്" എന്നാണ്.
ജൈവ വളം, മണ്ണ്, ചകിരിച്ചോറ് ഇവ തുല്യ അനുപാതത്തില്‍ ഇളക്കി പ്ലാസ്റ്റിക്ക് കൂടില്‍ നിറച്ച് തയ്യാറാക്കി വയ്‌ക്കുക. അതില്‍ രണ്ടു മുട്ട് നീളത്തിലുളള തണ്ട് മുറിച്ചെടുത്ത് നടുക. നിറച്ച പ്ലാസ്റ്റിക്ക് കൂടുകള്‍ തണലത്തു വയ്‌ക്കുകയോ, പച്ച ഷേഡ് നെറ്റു ഇതിന്റെ മുകളില്‍ വലിച്ചു കെട്ടുകയോ ചെയ്യുക. ആവശ്യാനുസരണം ജല സേചനം നല്‍കുക. ഒരടി സമചതുരത്തില്‍ കുഴി എടുത്ത് ചാണകപ്പൊടിയോ ജൈവ വളമോ നിറച്ച് കുഴി മൂടുക. തൈ കിളിര്‍ത്തതിനു ശേഷം രണ്ടു മാസത്തിനകമായി ഈ കുഴിയിലേക്ക് നടാവുന്നതാണ്. വളളിക്ക് പടര്‍ന്ന് കയറാനുളള താങ്ങു കൊടുക്കണം. ഇതില്‍ വേണം ചങ്ങലംപരണ്ട പടര്‍ന്നു കയറാന്‍.
ചങ്ങലംപരണ്ട വളളിയുടെ നീര് എടുത്ത് ചതവ് പറ്റിയ ഭാഗത്ത് പുരട്ടിയാല്‍ ചതവ് സുഖപ്പെടും. കുട്ടികള്‍ക്കുണ്ടാകുന്ന ചെവി വേദനയ്‌ക്ക് ആശ്വാസം കിട്ടാന്‍ തണ്ടിന്റെ നീര് സ്വല്‌പം ചെവിയില്‍ ഒഴിച്ചു കൊടുത്താല്‍ മതിയാകും. ചങ്ങലംപരണ്ടയുടെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ച് പൊടി മൂന്ന് മുതല്‍ ആറു ഗ്രാം വരെ ദിവസം രണ്ടു നേരം കഴിച്ചാല്‍ വിശപ്പില്ലായ്‌മ, അരുചി, ദഹനക്കുറവ് ഇവ മാറികിട്ടും. ഇലയും തണ്ടും പച്ചയ്‌ക്കിടിച്ച് പിഴിഞ്ഞ് എടുത്ത അര ഔണ്‍സ് നീരും അര ഔണ്‍സ് തേനും ചേര്‍ത്ത് പതിവായി രണ്ടു നേരം കഴിയ്‌ക്കുന്നത് ക്രമം തെറ്റിയുണ്ടാകുന്ന ആര്‍ത്തവത്തെ ക്രമത്തിലാക്കാന്‍ സഹായിക്കും. രക്തവാതത്തിനും അര്‍ശസിനും ഇങ്ങനെ കഴിച്ചാല്‍ അസുഖത്തിനു ശമനമുണ്ടാകും. ഇളം തണ്ടുകള്‍ ഉപയോഗിച്ച് അച്ചാര്‍ ഉണ്ടാക്കാം. ഇളം തണ്ടും ഇലയും ഉപയോഗിച്ച് ചമ്മന്തി ഉണ്ടാക്കി കഴിക്കുവാന്‍ സാധിക്കും.