പതിനെട്ട് മീററര്‍ വരെ ഉയരത്തില്‍ അനേകം ശാഖോപശാഖകളോടു കൂടി പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ അന്തരീക്ഷം മലിനമായ സ്ഥലങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമായ പാരിസ്ഥിക പ്രാധാന്യമുളള ഒരു ഔഷധ സസ്യമാണ്. ജല ലഭ്യത വളരെ കുറഞ്ഞ പ്രദേശങ്ങളിലും വരള്‍ച്ചയെ അതിജീവിച്ച് വേനലില്‍ പോലും തളിരിലകള്‍ വളര്‍ന്നു വരുന്നതായി കാണാം. എല്ലാത്തരം മണ്ണിലും നന്നായി വളരും. ഉങ്ങ് "പാപ്പിലിയോണേസി" കുടുംബത്തില്‍ പെട്ടതാണ് . "ഡെറിക് ഇന്‍ഡിക്ക്" എന്നാണ് ശാസ്ത്രനാമം.
വിത്തുകള്‍ പാകി തൈകള്‍ ഉല്പാദിപ്പിക്കാം. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കായ്കള്‍ വിളഞ്ഞു വിത്തെടുക്കുവാന്‍ പാകമാകും. വിത്തു പാകുന്നതിന് മുന്‍പ് പന്ത്രണ്ടു മണിക്കൂര്‍ വെളളത്തില്‍ കുതിര്‍ത്തു വയ്ക്കുന്നത് കിളിര്‍ക്കാന്‍ ഏറെ സഹായകരമാകും. പോളിത്തീന്‍ ബാഗുകളില്‍ തൈ ഉല്പാദിപ്പിക്കുന്നതാണ് ഏറ്റവും സൗകര്യം. രണ്ടു മാസമായ തൈകള്‍ പോളിത്തീന്‍ ബാഗില്‍ നിന്നും കൃഷി സ്ഥലത്തേക്കു പറിച്ചു നടാവുന്നതാണ്. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏകദേശം ഒന്നരടി വ്യാസത്തില്‍ കുഴിയെടുത്ത് അതില്‍ ചാണകപ്പൊടിയോ ജൈവ വളമോ നിറച്ചു മൂടി കഴിഞ്ഞു വേണം അതില്‍ തൈകള്‍ നടാന്‍. തൈകള്‍ കുഴി എടുക്കുമ്പോള്‍ കുഴികള്‍ തമ്മില്‍ പത്ത് അടി എങ്കിലും അകലം വേണം. വളര്‍ച്ചാകാലത്ത് പ്രത്യേക പരിചരണം ഒന്നും ആവശ്യമായി വരുന്നില്ലെങ്കിലും ചെറിയ തോതില്‍ ജലസേചനം ആവശ്യമാണ്
മിതമായ രീതിയില്‍ ജലസേചനം നടത്തുന്ന ഒരു മരത്തില്‍ നിന്നും അഞ്ചു വര്‍ഷം പ്രായമായാല്‍ ഇലയും കായും ശേഖരിച്ചു തുടങ്ങാം. പത്തു വര്‍ഷം കഴിഞ്ഞാല്‍ നിയന്ത്രിതമായ രീതിയില്‍ തൊലിയും ശേഖരിച്ചു തുടങ്ങാം. വേരിന്റെ ലഭ്യത കുറയുന്നതനുസരിച്ച് മരം മുറിച്ച് വേരുകളും മരത്തില്‍ നിന്ന് തൊലിയും ശേഖരിക്കാം. വേരുകള്‍ ശേഖരിക്കുമ്പോള്‍ മരത്തിന്റെ കട ഭാഗത്ത് നിന്നും അര മീറ്റര്‍ മുകളിലായി മരത്തോടു കൂടി ശേഖരിക്കാവുന്നതാണ്. വേരുണങ്ങി കഴിയുമ്പോള്‍ ഇരുപത്് ശതമാനത്തോളം കുറവും തൊലി ഉണങ്ങി കഴിയുമ്പോള്‍ അന്‍പത്് ശതമാനത്തോളം കുറവുണ്ടാകുന്നു .
ഇല, തൊലി, വേര്, കുരു, എണ്ണ ഇവ ഔഷധ യോഗ്യമാണ്. തൊലി ഉപയോഗിച്ച് ത്വക്ക് രോഗങ്ങള്‍ക്കുളള ഔഷധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. ഉങ്ങിന്റെ വേര് കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്കും രക്ത ശുദ്ധിയ്ക്കും നല്ലതാണ്. കണാശതാഹ്യാദി കഷായം, നാഗാരാദി തൈലം, പാഠാകരജ്ഞാദി കഷായം, മുസ്താകരജ്ഞാദി കഷായം, വാതാശിനി തൈലം, പ്രഭജ്ജനവിമര്‍ജദ്ദനം, തൈലങ്ങള്‍, ഖര്‍ജ്ജരസാവം, സുനേത്രിഗുളിക, ധന്യന്തരഘൃതം തുടങ്ങിയ ആയുര്‍വേദ മരുന്നുകളിലെല്ലാം ഉങ്ങിന്റെ ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴകിയ ത്വക്ക് രോഗ വ്രണങ്ങളില്‍ ഉങ്ങിന്റെ കുരു ചതച്ചിട്ടു കൊടുക്കുന്നത് നല്ലതാണ്. ഒടിവ്, ചതവ്, നീര് എന്നിവയക്ക് ഉങ്ങിന്റെ പട്ട കൊണ്ട് എണ്ണ കാച്ചി തേക്കുക. ഉങ്ങിന്റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണം വേഗം കരിയുകയും പഴുപ്പ് മാറുകയും ചെയ്യും. എണ്ണ സമം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ ശമിക്കും. കുരുവില്‍ നിന്നും എടുക്കുന്ന എണ്ണയില്‍ കരാന്‍ജിന്‍, പൊന്‍ഗാമോള്‍, ഗഌബിന്‍ എന്നീ സ്ഫടിക പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയാണ് ചര്‍മ്മ രോഗങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്. മരത്തൊലിയില്‍ കയ്പ്പുള്ള ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. വേരിന്‍മേല്‍ തൊലിയില്‍ കനുഗിന്‍, ഡി മിതോക്‌സി കനുഗിന്‍ എന്നീ രണ്ടു ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പുഷ്പത്തില്‍ പൊന്‍ഗാവിന്‍, കര്‍സൈറ്റിന്‍ എന്നീ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഏതു തരം മണ്ണിലും വളരാനുള്ള കഴിവുള്ളതു കൊണ്ട് പാഴായി കിടക്കുന്ന സ്ഥലങ്ങളിലും മറ്റും ഉങ്ങ് വച്ച് പിടിപ്പിക്കുകയാണെങ്കില്‍ പാരിസ്ഥിക പ്രാധാന്യമുളള ഒരു വൃക്ഷം എന്ന നിലയില്‍ ഒരു മുതല്‍ക്കൂട്ടായി തീരും.