കേരളത്തില്‍ എല്ലായിടത്തും വളരുന്ന ഒരു ഫല വൃക്ഷമാണ് അമ്പഴം. മഴ കുറഞ്ഞ സ്ഥലങ്ങളിലാണ് നന്നായി കായ്‌ക്കുന്നത്. "അനക്കാര്‍ഡിയേസിയേ" എന്ന കുടുംബത്തില്‍പ്പെട്ടതാണ്. അമ്പഴത്തിന്റെ ശാസ്‌ത്രനാമം "സ്‌പോണ്‍ഡിയാസ്‌പിനേറ്റ" എന്നാണ്. വാനില, കുരുമുളക് എന്നിവ പടര്‍ത്താന്‍ അമ്പഴം ഉപയോഗപ്പെടുത്താം.
ഏകദേശം പതിനഞ്ച് ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഫലവൃക്ഷമാണ് അമ്പഴം. വിത്ത് പാകിയും കമ്പുകള്‍ മുറിച്ച് നട്ടും അമ്പഴം കൃഷി ചെയ്യാം. വിത്തുകള്‍ പാകി തൈ കിളിര്‍പ്പിച്ചു നട്ടു വളര്‍ത്തിയാല്‍ കായ്‌ക്കാന്‍ കാലതാമസ്സം വരും. കമ്പുകള്‍ നട്ടാല്‍ വേഗം കായ്‌ക്കാന്‍ തുടങ്ങും. മൂപ്പെത്തിയ കമ്പുകള്‍ മുറിച്ചെടുത്ത് പോര്‍ട്ടിംഗ് മിശ്രിതം നിറച്ച വലിയ പോളിത്തീന്‍ കവറുകളില്‍ പാകി കിളിര്‍പ്പിക്കാം. കൂടാതെ കുഴി എടുത്ത് ജൈവ വളം നിറച്ച് കുഴി മൂടി അതില്‍ നേരിട്ടു നടാം. വെളളം ചുവട്ടില്‍ കെട്ടി നില്‌ക്കാതെ നോക്കണം.
അമ്പഴത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധ മൂല്യമുണ്ട്. അമ്പഴത്തിന്റെ പഴച്ചാര്‍ പ്രമേഹം, വയറുകടി എന്നിവയ്‌ക്ക് ഉപയോഗിക്കുന്നു. പഴച്ചാര്‍ അല്‌പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മലബന്ധത്തിനു ആശ്വാസം കിട്ടും. ധാരാളം ഫീനോളുകളും, ഫ്‌ളേവനോയ്‌ഡുകളും, ബയോ ആക്ടീവ് പദാര്‍ത്ഥമായ സ്‌പോണ്‍ഡിയോള്‍ എന്നിവ അടങ്ങിയിട്ടുളളതിനാല്‍ അമ്പഴത്തിന്റെ കായ്‌കള്‍ക്ക് നിരോക്‌സീകരണശേഷി കൂടുതലാണ്. ആയതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുന്നു. അമ്പഴത്തിന്റെ മൂക്കാത്ത കായ്‌കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഉപ്പിലിടാനും, അച്ചാര്‍ നിര്‍മ്മാണത്തിനും വേണ്ടിയാണ്. ചമ്മന്തി ഉണ്ടാക്കുവാനും, വിവിധ കറികളില്‍ പുളിക്കായും, പച്ച മാങ്ങായ്‌ക്കു പകരമായും ഉപയോഗിക്കാവുന്നതാണ്. അമ്പഴങ്ങായ്‌ക്കുളളിലെ വിത്ത് കായ് മൂക്കുംതോറും കട്ടി കൂടി നാരുകളാല്‍ ആവരണം ചെയ്യപ്പെട്ടതായി തീരുന്നു. അതുകൊണ്ട് മൂത്ത കായ്‌കള്‍ ഉപ്പിലിടാനും, അച്ചാര്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കാന്‍ പറ്റാതെ വരും. പഴുത്ത കായ്‌കള്‍ക്ക് പ്രത്യേക മണവും രുചിയുമുണ്ടാകും. ഇതുകൊണ്ട് ജാം, സര്‍ബത്ത് പാനീയങ്ങള്‍ തുടങ്ങിയവ ഉല്‌പാദിപ്പിക്കാന്‍ ഉപയോഗിക്കാം.
കേരളത്തിലെ കാലാവസ്ഥയ്‌ക്ക് പരിചരണം അധികം ഇല്ലാതെ തന്നെ അമ്പഴം കൃഷി ചെയ്യാം. ഗ്രാഫ്‌റ്റ് ചെയ്‌ത പുതിയ ഇനം തൈകള്‍ നട്ടു വളര്‍ത്തിയാല്‍ അധികം ഉയരത്തില്‍ വളരാതെ അമ്പഴം കൃഷി ചെയ്യാം. ഇതില്‍ എല്ലാ സമയങ്ങളിലും കായ്‌കള്‍ ഉണ്ടാകും. അതു കൊണ്ട് നമ്മുടെ വീടുകളില്‍ നാല് - അഞ്ച് ഗ്രാഫ്‌റ്റ് ചെയ്‌ത അമ്പഴം നട്ടു പിടിപ്പിച്ചാല്‍ ഏതു സമയത്തും കായ്‌കള്‍ ലഭിക്കും. ഉപ്പിലിട്ട അമ്പഴങ്ങായുടെ രുചി അനുഭവിച്ചിട്ടുളളയാള്‍ രണ്ട് അമ്പഴമെങ്കിലും തന്റെ സ്ഥലത്ത് വച്ച് പിടിപ്പിക്കാതിരിക്കില്ല.