Organic Keralam Facebook Page
English

ആടലോടകം

ഏകദേശം രണ്ടു മീറ്ററോളം ഉയരത്തില്‍ തഴച്ചു വളരുന്ന ഒരു നിത്യ ഹരിത കുറ്റിച്ചെടിയാണിത്‌. ആടലോടകം രണ്ടിനമുണ്ട്‌. ചെറിയ ഇലകളോടു കൂടിയതിനെ ചെറിയ ആടലോടകമെന്നും, വലിയ ഇലകളോടു കൂടിയതിനെ വലിയ ആടലോടകമെന്നും വിളിക്കുന്നു. ചെറിയ ആടലോടകത്തിന്റെ ഇലയില്‍ എട്ടു ജോഡി വരെ ഞരമ്പുകള്‍ കാണുമ്പോള്‍ വലിയ ആടലോടകത്തിന്റെ ഇലയില്‍ പതിനാലിലേറെ ജോഡി ഞരമ്പുകള്‍ കാണപ്പെടുന്നു. ചെറിയ ആടലോടകത്തിനാണ്‌ ഔഷധ ഗുണം കൂടുതല്‍. ഇതിന്റെ വേരില്‍ അനേകം ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണും. "അക്കാന്തേസീ" എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. ആടലോടകത്തിന്റെ ശാസ്‌ത്രനാമം "ആഥറ്റോഡവസിക്ക" എന്നാണ്‌.

കൃഷി രീതി

കമ്പുകള്‍ മുറിച്ച്‌ നട്ടാണ്‌ തൈകള്‍ ഉല്‌പാദിപ്പിക്കുന്നത്‌. പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച പ്ലാസ്റ്റിക്‌ കവറുകളില്‍ നട്ട്‌ വേര്‌ പിടിപ്പിച്ച ശേഷം രണ്ടുമാസം കഴിയുമ്പോള്‍ പറിച്ചു നടാം. കൃഷി ചെയ്യേണ്ട സ്ഥലം കിളച്ച്‌ കല്ലും പുല്ലും നീക്കി ജൈവ വളമോ ചാണകപ്പൊടിയോ ഇട്ട്‌ ഇളക്കി വാരം കോരുക. ഇതിലേക്ക്‌ വേണം കിളിര്‍ത്ത തൈകള്‍ നടേണ്ടത്‌. വരികള്‍ തമ്മില്‍ അറുപതു സെന്റീമീറ്റര്‍ അകലവും, ചെടികള്‍ തമ്മില്‍ മുപ്പത്‌ സെന്റീമീറ്റര്‍ അകലവും നല്‍കണം. കാല വര്‍ഷാരംഭത്തില്‍ കൃഷി ആരംഭിക്കുന്നതാണ്‌ നല്ലത്‌. സാധാരണ വള പ്രയോഗം നല്‍കേണ്ടതില്ല. വ്യവസായികടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഉല്‌പാദന വര്‍ദ്ധനവിനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ജൈവ വള പ്രയോഗം നടത്തണം. മഴ ആവശ്യത്തിനു ലഭിച്ചില്ലെങ്കില്‍ ജല സേചനം കൊടുക്കണം. നട്ട്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇല ശേഖരിച്ചു തുടങ്ങാം. രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും വേരുകള്‍ വിളവെടുക്കാനാകും. ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ആല്‍ക്കലോയിഡിന്റെ അംശം ചെടിയില്‍ കൂടുതലുളളതിനാല്‍ ആ സമയത്ത്‌ വിളവെടുക്കുന്നതായിരിക്കും നല്ലത്‌. മണ്ണ്‌ ഇളക്കി വേരുകള്‍ പൊട്ടാതെ ശേഖരിച്ച്‌ കഴുകി വൃത്തിയാക്കി തണലില്‍ ഉണക്കി വിപണിയില്‍ എത്തിക്കാം.

ഔഷധഗുണങ്ങളും ഉപയോഗങ്ങളും

വേര്‌, ഇല, കായ്‌ ഇവയ്‌ക്കെല്ലാം ഔഷധഗുണമുളളതിനാല്‍ മരുന്ന്‌ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്നു. ഛര്‍ദ്ദി, ആസ്‌ത്മ, രക്തപിത്തം, ജലദോഷം എന്നിവയ്‌ക്കു ഫലപ്രദമായ ഔഷധമാണ്‌. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീര്‌ കുരുമുളക്‌ പൊടി ചേര്‍ത്തു കഴിച്ചാല്‍ ഒച്ചയടപ്പിനു ശമനം കിട്ടും. ആടലോടകത്തിന്റെ ഇല അരിഞ്ഞതും അരിയും വറുത്ത്‌, ശര്‍ക്കരയിട്ടു പൊടിച്ച്‌ രണ്ടു സ്‌പൂണ്‍ വീതം മൂന്ന്‌ നേരം കഴിച്ചാല്‍ വില്ലന്‍ ചുമ ശമിക്കും. ശ്വാസകോശത്തിന്റെ സങ്കോച വികാസ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആടലോടകം സഹായിക്കുന്നു. ആര്‍ത്തവം അധികമായാല്‍ ആടലോടകത്തിന്റെ ഇലയുടെ നീര്‌ പതിനഞ്ചു മില്ലിയും പതിനഞ്ച്‌ ഗ്രാം ശര്‍ക്കരയും ചേര്‍ത്ത്‌ ദിവസേന രണ്ടു നേരം വീതം കഴിക്കുന്നത്‌ വളരെ നല്ലതാണ്‌. ഇലയുടെ നീരിനു തൊണ്ടയിലുണ്ടാകുന്ന അണുബാധ നിയന്ത്രിക്കാനാകും. ച്യവനപ്രാശം, വാസാരിഷ്ടം, ഗുല്‍ഗ്ഗുലുതിക്തകം, വാസാവലേഹ്യം എന്നിവയിലെ പ്രധാന ചേരുവയാണ്‌ ആടലോടകം. ആടലോടകത്തിന്റെ ഇല ചെറുപ്രാണികള്‍ക്ക്‌ വിഷകരമായതിനാല്‍ ജൈവ കീടനാശിനിയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.