Organic Keralam Facebook Page
English

ആത്ത

അനോനേസി കുടുംബത്തില്‍പ്പെടുന്ന മൂന്ന്‌ ഫലവര്‍ഗ്ഗങ്ങളാണ്‌ ആത്തച്ചക്ക, സീതപ്പഴം, മുളളാത്ത. ഈ മൂന്ന്‌ വിഭാഗത്തിനും വ്യത്യസ്‌തമായ നിറവും, രുചിയും, രൂപവുമാണ്‌. ഇതില്‍ ഏറ്റവും രുചിയുളളതും കൃഷി ചെയ്യുവാന്‍ പ്രയാസമില്ലാത്തതുമാണ്‌ ആത്തച്ചക്കയുണ്ടാകുന്ന ആത്ത. "അനോനേസിയേ" എന്ന കുടുംബത്തില്‍പ്പെടുന്നു. ആത്തയുടെ ശാസ്‌ത്രനാമം "അനോന റെട്ടിക്കുലേറ്റ" എന്നാണ്‌. ആത്തച്ചക്കയുടെ പ്രതലം മിനുസമുളളതും നിറം ഇളം ബ്രൗണുമാണ്‌.

കൃഷി രീതി

സാധാരണ കുരു മുളപ്പിച്ചാണ്‌ തൈകള്‍ ഉല്‌പാദിപ്പിക്കുന്നത്‌. നേരത്തേ കായ്‌ക്കാനും വലുപ്പം ഇല്ലാത്തതുമായ ആത്തകള്‍ക്ക്‌ വേണ്ടി ഗ്രാഫ്‌റ്റിംഗില്‍ കൂടിയും തൈകള്‍ ഉല്‌പാദിപ്പിക്കാം. നല്ല വലുപ്പമുളളതും വിളഞ്ഞു പഴുത്തതുമായ ആത്തച്ചക്കയുടെ കുരു ചെറിയ ഗ്രോബാഗില്‍ പാകി കിളിര്‍പ്പിക്കണം. രണ്ടടി ചതുരത്തിലുളള കുഴിയില്‍ ജൈവ വളവും അതിന്‌ ആനുപാതികമായി വേപ്പിന്‍ പിണ്ണാക്കും, കുമ്മായവും ചേര്‍ത്ത്‌ ഇളക്കി കുഴി മൂടി അതിന്റെ നടുവില്‍ ഒരു ചെറിയ കുഴി എടുത്ത്‌ അതില്‍ വേണം നാല്‌ - അഞ്ച്‌ ഇല പരുവമാകുമ്പോള്‍ തൈ നടാന്‍. വലിയ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു ഫലവര്‍ഗമാണ്‌ ആത്ത. മൂന്ന്‌ നാല്‌ വര്‍ഷത്തിനകം കായകള്‍ കായ്‌ച്ചു തുടങ്ങും. ഗ്രാഫ്‌റ്റിംഗ്‌ തൈകള്‍ ആണെങ്കില്‍ ഒന്നര വര്‍ഷത്തിനകം കായ്‌ക്കും. കായ്‌കള്‍ മൂപ്പെത്തിയാല്‍ ഇളം പച്ചനിറം മാറി തവിട്ടു നിറമാകും. ഈ സമയമാണ്‌ ആത്തച്ചക്ക പാകമാകുന്നത്‌. അന്നേരം പറിച്ച്‌ പഴുപ്പിച്ച്‌ ഉപയോഗിക്കാം.

ഗുണങ്ങളും ഉപയോഗങ്ങളും

ആത്തച്ചക്കയുടെ പുറം തൊലി സ്വല്‌പം കട്ടിയുളളതാണ്‌. തൊലി നീക്കം ചെയ്‌ത്‌ കഴിഞ്ഞാല്‍ കാണുന്ന ഭക്ഷ്യ യോഗ്യമായ ഉള്‍ഭാഗത്തിനു മങ്ങിയ വെളുപ്പു നിറമാണ്‌. തൊലിയ്‌ക്കുളളില്‍ കാണുന്ന ക്രീം മാതിരിയുളള കാമ്പും വിത്തുകള്‍ക്കു ചുറ്റുമുളള ആവരണവുമാണ്‌ ആത്തച്ചക്കയുടെ ഭക്ഷ്യ യോഗ്യമായ ഭാഗം. ധാതു ലവണങ്ങളായ കാത്സ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്‌, കരോട്ടീന്‍, വിറ്റാമിന്‍ സി വിഭാഗത്തിലെ തയാമിന്‍, റൈബോഫേ്‌ളവിന്‍, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. സ്‌ക്വാമോണ്‍, അനോമോനിസിന്‍, സ്‌ക്വാമോസിന്‍, കൗരേന്‍ എന്നീ രാസ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്‌. 

ഇത്രയും പോഷകഗുണങ്ങളുടെ കലവറയായ ആത്ത നമ്മുടെ വീട്ടുവളപ്പുകളില്‍ യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താവുന്നതാണ്‌.